സ്കൂളുകൾക്ക് 220 അധ്യയന ദിനം; കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കും
ഐ.പി യോഗത്തിൽ 204 അധ്യയന ദിനങ്ങൾക്കാണ് ധാരണയായിരുന്നതെങ്കിലും 220 ആക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം: അധ്യാപക സംഘടനകളുടെ എതിർപ്പ് അവഗണിച്ച് 16 അധികശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂളുകളിൽ 220 അധ്യയന ദിനങ്ങളോടെ വിദ്യാഭ്യാസ കലണ്ടർ തയാറാക്കി. ക്യു.ഐ.പി യോഗത്തിൽ 204 അധ്യയന ദിനങ്ങൾക്കാണ് ധാരണയായിരുന്നതെങ്കിലും 220 ആക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാഭ്യാസ കലണ്ടറിന്റെ പ്രകാശനം സംസ്ഥാന സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ നടത്തുകയും ചെയ്തുജൂണിൽ 15, 22, 29 തീയതികൾ അധ്യയന ദിനങ്ങളാണ്. ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, ജനുവരി നാല്, 25, ഫെബ്രുവരി 15, മാർച്ച് ഒന്ന്, 15, 22 എന്നീ ശനിയാഴ്ചകൾ അധ്യയന ദിവസങ്ങളാക്കുന്ന നിർദേശമാണ് ക്യു.ഐ.പി യോഗത്തിൽ സമർപ്പിച്ചത്. ഇതിൽ ആഴ്ചകളിൽ ആറാം പ്രവൃത്തിദിവസമായി വരുന്ന ശനിയാഴ്ച ഒഴിവാക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. 220 ദിവസമാക്കാൻ തീരുമാനിച്ചതോടെ ക്യു.ഐ.പി യോഗത്തിൽ നിർദേശിച്ച ശനിയാഴ്ചകളെല്ലാം അധ്യയന ദിനമായി മാറും.വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എൽ.പി ക്ലാസുകളിൽ (ഒന്ന് മുതൽ അഞ്ച് വരെ) 800 പ്രവൃത്തി മണിക്കൂർ, യു.പിയിൽ( ആറു മുതൽ എട്ടു വരെ ) ആയിരം മണിക്കൂർ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾക്ക് 1200 മണിക്കൂർ എന്നിങ്ങനെയാണ് പ്രവൃത്തിസമയം ക്രമീകരിച്ചിട്ടുള്ളതെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സ്കൂളുകൾ ഒരു ദിവസം അഞ്ചുമണിക്കൂർ പ്രവർത്തന സമയമായതിൽ എൽ.പിയിൽ 160 ദിവസവും, യു.പിയിൽ 200 ദിവസവും, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ 220 അധ്യയന ദിനങ്ങളുമാണ് ആവശ്യമായി വരുകയത്രെ. അധ്യാപക സംഘടനകൾക്ക് കോടതിയെ സമീപിക്കാമെന്ന നിലപാട് സ്വീകരിച്ച മന്ത്രി 220ദിവസം നടപ്പാക്കേണ്ടിവരുമെന്നും അറിയിച്ചിരുന്നു. പിന്നാലെയാണ് 16 അധിക ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയത്.