ഒക്ടോബറോടെ സ്കൂളുകളിൽ പുതിയ 20,000 റോബോട്ട് കിറ്റുകൾ വിന്യസിക്കും
കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട് മന്ത്രി പ്രകാശനം ചെയ്തു
ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ വഴി 2219 സ്‌കൂളുകളിൽ നടപ്പാക്കുന്ന റോബോട്ടിക് ലാബ് പദ്ധതിയിൽ കഴിഞ്ഞ വർഷം നൽകിയ 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമേ ഒരുമാസത്തിനുള്ളിൽ 20,000 പുതിയ റോബോട്ടിക് കിറ്റുകൾ കൂടി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊച്ചി ഇടപ്പള്ളിയിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) റീജിയണൽ കേന്ദ്രത്തിൽ ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്താദ്യമായി ഏഴാം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകത്തിൽ റോബോട്ടിക്സ്, എ.ഐ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അടുത്തവർഷം 8, 9, 10 ക്ലാസുകളിൽ കൂടി ഇവ ഐ.സി.ടി പാഠപുസ്തകത്തിന്റെ ഭാഗമാക്കും. പ്രൈമറി തലത്തിൽ ഐ.സി.ടി പഠിപ്പിക്കാനായി തയ്യാറാക്കിയ കളിപ്പെട്ടി, ഇ@വിദ്യ പാഠപുസ്തകങ്ങളുടെ ക്ലാസ് റൂം വിനിമയം കാര്യക്ഷമമാക്കാനും അത് നിരീക്ഷിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷം കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാനായി കൈറ്റ് കസ്റ്റമൈസ് ചെയ്ത കൈറ്റ് ഗ്‌നൂലിനക്‌സ് 22.04 എന്ന പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, കൈറ്റ് സി. ഇ. ഒ കെ. അൻവർ സാദത്ത്, യുണിസെഫ് പോളിസി ചീഫ് കെ.എൽ. റാവു, ഐസിഫോസ് ഡയറക്ടർ ഡോ. സുനിൽ ടി.ടി., യുണിസെഫ് എസ്.പി.എസ്. ഡോ. അഖില രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഡോ.പ്രഹ്ലാദ് വടക്കേപ്പാട്ട് കുട്ടികളുമായി സംവദിക്കും.
എന്താണ് കൈറ്റ് ഗ്‌നുലിനക്‌സ് 22.04
സ്‌കൂളുകളിലെ ഐ.സി.ടി. പഠനത്തിനു മാത്രമല്ല, വിദ്യാർഥികൾക്കും അധ്യാപകർക്കും, വീടുകളിൽ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സർക്കാർ ഓഫീസുകൾ, ഡി.ടി.പി സെന്ററുകൾ, പത്രസ്ഥാപനങ്ങൾ, സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾ, എൻജിനിയറിങ് കോളേജിലെ വിദ്യാർഥികൾ തുടങ്ങിയവർക്കും സമ്പൂർണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായി ഈ ഒ.എസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാനാകും.
പ്രമുഖ സ്വതന്ത്ര ജനകീയ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്ത ഒ.എസ്. സ്യൂട്ടിൽ പാഠപുസ്തകങ്ങളിൽ അവതരിപ്പിക്കുന്ന ജി-കോമ്പ്രിസ്, ടക്‌സ്‌പെയിന്റ്, പിക്‌റ്റോബ്ലോക്‌സ്, ട്രാഫിക് ഗെയിം, വേസ്റ്റ് ചാലഞ്ച്, ഒമ്‌നി ടക്‌സ്, എജുആക്ടിവേറ്റ്, ഫെറ്റ്, ജിയോജിബ്ര, ലിബർഓഫീസ് പാക്കേജ്, കളർപെയിന്റ്, സ്‌ക്രാച്ച് ക്രിറ്റ തുടങ്ങിയ ആപ്ലിക്കേഷനുകൾ ലഭ്യമാണ്.
മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങൾക്കു പുറമെ ഇ-ബുക്ക് റീഡർ, ഡെസ്‌ക്ടോപ് പബ്ലിഷിങ് സോഫ്റ്റ്‌വെയർ, ലാടെക് എഡിറ്റർ, ഗ്രാഫിക്‌സ്-ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ, സൗണ്ട് റിക്കോർഡിങ്-വീഡിയോ എഡിറ്റിങ്-ത്രിഡി അനിമേഷൻ പാക്കേജുകൾ, സ്‌ക്രീൻ റിക്കോർഡിങ്-ബ്രോഡ്കാസ്റ്റർ ടൂളുകൾ, പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കൾ, ഡാറ്റാബേസ് സർവറുകൾ, ഡാറ്റാബേസ് ആപ്ലിക്കേഷനുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേർഷനുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. kite.kerala.gov.in ലെ ഡൗൺലോഡ്‌സ് ലിങ്കിൽ നിന്നും ഒ.എസ് സ്യൂട്ട് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.