ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍

Apr 14, 2026
ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍

ആഗോള സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ അത്യന്തം വഷളാകുന്നു. നിര്‍ണ്ണായകമായ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ, ട്രംപ് പ്രഖ്യാപിച്ചത് പോലെ ഇറാനുമേല്‍ സമ്പൂര്‍ണ്ണ നാവിക ഉപരോധം ആരംഭിച്ചതോടെ, പശ്ചിമേഷ്യ വീണ്ടും കത്തുകയാണ്. നയതന്ത്ര ചര്‍ച്ചകള്‍, കുറഞ്ഞപക്ഷം ഇപ്പോഴത്തേക്കെങ്കിലും വഴിമുട്ടിയിരിക്കുകയാണ്. ഇറാനുമായി യുഎസ് വൈസ് പ്രസിഡണ്ട് ജെ.ഡി വാന്‍സ് നടത്തിയ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്ന്, ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ട ചുമതല പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനാണ്. എന്നാല്‍, അദ്ദേഹം അധികനേരം കാത്തിരുന്നില്ല. ഞായറാഴ്ച 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച തുടര്‍ച്ചയായ പോസ്റ്റുകളിലൂടെ, ചര്‍ച്ചകളില്‍ നിന്ന് നേരിട്ടുള്ള നടപടികളിലേക്ക് രാജ്യം മാറുന്നതായി ട്രംപ് വെളിപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിലൂടെ പ്രവേശിക്കുന്നതോ പുറത്തേക്ക് പോകുന്നതോ ആയ കപ്പലുകളെ ലക്ഷ്യമിട്ട് യുഎസ് നാവിക ഉപരോധവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം കുറിച്ചു. 'നിയമവിരുദ്ധമായി ടോള്‍ നല്‍കുന്ന ആര്‍ക്കും അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തികളില്‍ സുരക്ഷിതമായ യാത്ര അനുവദിക്കില്ല,' അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഖ്യാപനമനുസരിച്ച്‌, ഇ.ടി സമയം രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 7:30) ഉപരോധം പ്രാബല്യത്തില്‍ വന്നു. സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്കായി പാതകള്‍ തുറന്നിടുന്നതിനായി ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് സൈന്യം മൈനുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും ഉചിതമായ നിമിഷത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.