ഐ.എസ്.എൽ : തയ്യാറെടുപ്പുകൾ വിലയിരുത്തി
ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ് എൽ) കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് വേദിയാകുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ ഭരണകൂടത്തിൻ്റെ എല്ലാ സഹകരണങ്ങളും മത്സരങ്ങളുടെ നടത്തിപ്പിനായി ഉണ്ടായിരിക്കും. ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ കലൂർ സ്റ്റേഡിയത്തിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. മത്സരം നടക്കുന്ന ദിവസങ്ങളിൽ കലൂർ സ്റ്റേഡിയത്തിൽ പോലീസ്, റവന്യൂ, ആരോഗ്യം, ഫയർ ആൻഡ് റെസ്ക്യൂ തുടങ്ങിയ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി വെന്യു ഓപ്പറേഷൻ സെൻ്റർ പ്രവർത്തിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. മത്സര ദിവസങ്ങളിൽ സുഗമമായ ഗതാഗത നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കാൻ യോഗം നിർദ്ദേശം നൽകി. ആ ദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തുന്നതിനും, ട്രെയിൻ സർവീസ് സമയം ദീർഘിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും കൊച്ചി മെട്രൊ ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഫെബ്രുവരി 22 ന് മുംബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച്. യോഗത്തിൽ ഡിഎം ഡെപ്യൂട്ടി കളക്ടർ കെ മനോജ് മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


