അനന്തുകൃഷ്ണന്റെ സി എസ് ആർ ഫണ്ട് തട്ടിപ്പിൽ പെട്ട് വിശ്വാസ്യത തകർന്ന് കേരളത്തിലെ നൂറുകണക്കിന് എൻ ജി ഓകൾ
സി എസ് ആർ ഫണ്ട് തട്ടിപ്പ് ;തൊടുപുഴ കുടയത്തൂര് കോളപ്രയിലെ ചൂരക്കുളങ്ങര വീട്ടില് അനന്തു കൃഷ്ണനെ (26) കസ്റ്റഡിയിൽ

എറണാകുളം ജില്ലയിൽ മൊത്തം 596 പരാതികൾ ലഭിച്ചു. കോതമംഗലം (3), മൂവാറ്റുപുഴ (4), പോത്താനിക്കാട് (2) വാഴക്കുളം (2), പറവൂർ (1) വീതം കേസുകൾ റജിസ്റ്റർ ചെയ്തു. ആലപ്പുഴ ജില്ലയിൽ 513 പരാതികൾ ലഭിച്ചെന്നും 6 കേസെടുത്തെന്നുമാണ് വിശദീകരണം.
കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 200 പരാതികൾ ലഭിച്ചു. പാമ്പാടി, ഈരാറ്റുപേട്ട,എരുമേലി , കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. ഈരാറ്റുപേട്ട മേഖലയിൽ നിന്നു മാത്രം ആയിരത്തിലധികം പേരിൽ നിന്നു പണം പിരിച്ചു. ഇടുക്കി ജില്ലയിൽ 400 ൽ അധികം പരാതികൾ ലഭിച്ചു. 11 കേസ് റജിസ്റ്റർ ചെയ്തു. ജില്ലയിൽ രണ്ടായിരത്തിലേറെപേർ തട്ടിപ്പിനിരയായിട്ടുണ്ടെനാണു നിഗമനം.
. പാലക്കാട് ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 120 പരാതികൾ ലഭിച്ചു. കേസെടുത്തിട്ടില്ല.
മലപ്പുറം ജില്ലയിൽ നാനൂറിലേറെ പേർ തട്ടിപ്പിനിരയായെന്നാണു നിഗമനം. നിലമ്പൂർ, പെരുമ്പടപ്പ് എന്നിവിടങ്ങളിലായി 20 പരാതികളാണു ലഭിച്ചത്. പെരുമ്പടപ്പ് മേഖലയിൽ മാത്രം 400 പേർക്കു പണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
കോഴിക്കോട് ബിലാത്തിക്കുളം അവെയർ എൻജിഒ സൊസൈറ്റി നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു. ഗുണഭോക്തൃ വിഹിതമായി 72.58 ലക്ഷം രൂപ അടച്ച് ഒരു വർഷം കഴിഞ്ഞിട്ടും സ്കൂട്ടറുകൾ നൽകിയില്ല എന്നു പരാതിയിൽ പറയുന്നു. 98 പേരാണ് ഈ സംഘത്തിന്റെ മാത്രം ഗുണഭോക്താക്കൾ. 13 പേർ പരാതിയുമായി എത്തിയെങ്കിലും എല്ലാം ഒറ്റ കേസായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വയനാട്ടിൽ 1006 പരാതിക്കാരുണ്ടെങ്കിലും കേസ് എടുത്തിട്ടില്ല.
കണ്ണൂർ ജില്ലയിൽ 2500 പരാതിയാണു ലഭിച്ചത്. കണ്ണൂർ ബ്ലോക്കിൽ മാത്രം 494 പേരിൽ നിന്ന് 3 കോടിയോളം രൂപയാണു തട്ടിയെടുത്തത്. കാസർകോട് ജില്ലയിൽ പണം നഷ്ടപ്പെട്ടവരാരും പരാതി നൽകിയിട്ടില്ല.
ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തുടങ്ങി. സാമൂഹിക സേവന, കാർഷിക മേഖലകളിൽ കാര്യമായി ഫണ്ട് ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ച് അനന്തുവിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നു പഴയ സഹപ്രവർത്തകർ പറയുന്നു.കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടാണ് തുടക്കത്തിൽ.ഇംഗ്ലിഷ് അനായാസമായി കൈകാര്യം ചെയ്തിരുന്ന അനന്തു പുറത്തുള്ള രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടാക്കി. ഇതിനിടെ, ചെറുതും വലുതുമായ ഒട്ടേറെ സാമ്പത്തിക തിരിമറികൾ നടത്തിയിരുന്നു. ഫുട്ബോൾ താരത്തിനു വണ്ടിച്ചെക്ക് നൽകിയ സംഭവം ചർച്ചയായിരുന്നു. ഈ പണം പിന്നീട് കൊടുത്തു തീർത്തു. തൊടുപുഴ സ്വദേശിയായ ഒരു വക്കീലിൽ നിന്നും 5 ലക്ഷം രൂപ വാങ്ങിയശേഷം മടക്കി നൽകാത്തതിന് അറസ്റ്റിലായി റിമാൻഡിലായിട്ടുണ്ട്. പിന്നീട് കേസ് ഒത്തുതീർപ്പാക്കി.
പത്താംക്ലാസിൽ പഠിക്കുന്നതിനിടെ കൂൺകൃഷിയെക്കുറിച്ച് ക്ലാസ് എടുത്താണ് അനന്തുകൃഷ്ണൻ പൊതുരംഗത്തേക്ക് വരുന്നത്.
പിന്നീടു ബിജെപി പ്രവർത്തകരുമായി അടുത്തു.
സിഎസ്ആർ ഫണ്ടിന്റെ മറവിൽ 2022 മുതലാണു തട്ടിപ്പു തുടങ്ങിയത്. 1.25 ലക്ഷം രൂപ വിലവരുന്ന സ്കൂട്ടർ സ്ത്രീകൾക്ക് 60,000 രൂപയ്ക്കു നൽകുമെന്നായിരുന്നു വാഗ്ദാനം. 60,000 രൂപ വിലവരുന്ന ലാപ്ടോപ് 30,000 രൂപയ്ക്കും നൽകിയിരുന്നു. സ്‌കൂട്ടറിന് ഒരാൾ പേര് റജിസ്റ്റർ ചെയ്തു പണം അടച്ചാൽ 5,000 രൂപയാണ് ഇടനിലക്കാർക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ പണം നേടിയ ഒട്ടേറെ ഇടനിലക്കാരുണ്ട്.
ഇതേ രീതിയിൽ തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, രാസവളം എന്നിവയും പിന്നീടു നൽകി. സ്വന്തമായി ഒന്നിൽ കൂടുതൽ കൺസൽറ്റൻസി ഉണ്ടാക്കിയാണ് ഇടപാടുകൾ നടത്തിയത്. തട്ടിപ്പിനായി സോഷ്യൽ ബീ വെൻച്വേഴ്സ് തൊടുപുഴ, സോഷ്യൽ ബീ വെൻച്വേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷനൽ സർവീസ് ഇന്നവേഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്പനികളുടെ പേരിൽ അക്കൗണ്ടുണ്ടാക്കി. എല്ലാം കൈകാര്യം ചെയ്തത് അനന്തു തന്നെ.ഒരു കമ്പനിയിൽനിന്നും അനന്തുവിന് സിഎസ്ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആദ്യമാദ്യം പണം അടയ്ക്കുന്നവർക്ക് പിന്നീടുള്ളവരുടെ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങി നൽകുകയായിരുന്നു. വാഹനങ്ങൾ നൽകുന്നതിന് ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ ഏജൻസികൾക്കും പണം നൽകാനുണ്ട്. നേരത്തെയും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് അനന്തു അറസ്റ്റിലായിട്ടുണ്ട്. അടിമാലി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്നു. മുൻപ് 4 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.